പട്ടികജാതി - പട്ടികവർഗ്ഗ ലിസ്റ്റിൽ ഉപസംവരണവും ക്രീമിലെയറും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി 2024 ആഗസ്റ്റ് 1 ന് പുറത്തുവന്ന സുപ്രീംകോടതി വിധി ദേശവ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിധി മറികടക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി, സമഗ്രമായ സംവരണ നിയമം എന്നീ ആവശ്യങ്ങളെ മുൻനിർത്തി 2024 ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിലെ ദലിത് - ആദിവാസി സംഘടനകൾ സൗത്ത് ഇന്ത്യൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു.
ദേശീയതലത്തിൽ നടക്കാൻ പോകുന്ന കോൺക്ലേവിന്റെ മുന്നോടിയായാണ് സൗത്ത് ഇന്ത്യൻ കോൺക്ലേവ് കേരളത്തിൽ നടന്നത്. കോൺക്ലേവ് പ്രഖ്യാപിക്കപ്പെട്ടതോടെ ഉപസംവരണത്തെ പിൻതുണച്ചും, കോടതിവിധിയെ എതിർത്തു സജീവമായ ചർച്ച കേരളത്തിൽ നടക്കുന്നുണ്ട്. ഉപസംവരണവാദത്തിന്റെ പ്രധാന വക്താവും മുതിർന്ന ദലിത് നേതൃത്വവുമായ സി.എസ്. മുരളി ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ നിലപാടുകൾ എഴുതിയിരുന്നു. ഉപ സംവരണവാദത്തെ എതിർത്തും, അദ്ദേഹത്തിന്റെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ടും കോൺക്ലേവ് സംഘാടക സമിതിയുടെ ജനറൽ കോഓർഡിനേറ്റർ എന്ന നിലയിൽ ഈ ലേഖകനും ഫേസ്ബുക്കിൽ എഴുതി. തുടർന്നുള്ള ആരോഗ്യകരമായ സംവാദത്തിന് ഇത് ഉപകരിക്കും എന്ന് പ്രത്യാശിക്കുകയാണ്.
ഉപസംവരണം വേണമെന്ന വാദത്തിന് ചരിത്രപരമായ പിൻബലമുണ്ടെന്ന് സി.എസ്. മുരളി വാദിക്കുന്നു: “1935- ൽ തിരുവിതാംകൂറിലും 1936 മുതൽ കൊച്ചിയിലും, 1951 മുതൽ രൂപപ്പെട്ട തിരുകൊച്ചിയിലും ഉപസംവരണവ്യവസ്ഥ ഉണ്ടായിരുന്നു”. ഇത് പുനഃസ്ഥാപിക്കണമെന്നതാണ് ആവശ്യം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഒരു ഭരണഘടന നിലവിൽ വന്നതും, നാട്ടുരാജ്യങ്ങളിലെ നിയമങ്ങൾക്ക് പ്രസക്തി ഇല്ല എന്നതും ഉപസംവരണവാദികൾ അംഗീകരിക്കുന്നില്ല. ഭരണഘടന അനുസരിച്ച് ഓരോ ജാതിക്കും, ഉപജാതിക്കും ഗോത്രങ്ങൾക്കും സംവരണമില്ല. തമിഴ്നാട്ടിൽ നിന്നുള്ള ഒരു കേസിൽ (Madras Vs Champakam Dorarajan Case) 1951-ൽ സുപ്രീംകോടതി ഇത് അസന്ദിഗ്ധമായി പ്രസ്താവിച്ചു. എല്ലാ ജാതി - ഉപജാതി സംവരണങ്ങളും അവസാനിച്ചു.
സി.എസ്. മുരളി
അയിത്തത്തിന് വിധേയരായ ജാതികളുടെ പൊതുവായ പരാധീനതകളും പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് 1935- ൽ ഒന്നാം ഇന്ത്യ ഭരണഘടനയിലും പിന്നീട് ഭരണഘടനാ നിർമ്മാണ അസംബ്ലി അംഗീകരിച്ച ഭരണഘടനയിലും Scheduled Castes എന്ന പേരിൽ അയിത്ത ജനവിഭാഗങ്ങളെ ഒരു വിഭാഗമായി (ക്ലാസ്) നിർണ്ണയിച്ചു. ഗോത്രവർഗ്ഗങ്ങളെ പട്ടികവർഗ്ഗക്കാർ (Scheduled Tribes) എന്നും നിർണ്ണയിച്ചു. ആ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് എസ്.സി. / എസ്.ടി. സംവരണം. അത് 'ജാതി' കൾക്കുള്ള സംവരണമല്ല.
“നിലവിലുള്ള എസ്.സി. / എസ്.ടി. ലിസ്റ്റിൽ മാറ്റം വരുത്താൻ സുപ്രീംകോടതി ആരോടും പറഞ്ഞിട്ടില്ല”- ഉപസംവരണവാദികൾ പറയുന്നു.
സുപ്രീംകോടതി പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. ഭരണഘടനയിലെ 341, 342 ഒന്നുകൂടി വായിക്കൂ. എസ്.സി. / എസ്.ടി. ലിസ്റ്റിൽ ഒന്നും “ഒഴിവാക്കാനോ, കൂട്ടിച്ചേർക്കാനോ, മാറ്റം വരുത്താനോ പാർലമെന്റിനല്ലാതെ മറ്റാർക്കും അധികാരമില്ല” എന്നാണ് അടിവരയിട്ട് പറയുന്നത്. എസ്.സി. / എസ്.ടി ലിസ്റ്റ് ഉപവിഭാഗങ്ങളാക്കുന്നത് മാറ്റം വരുത്തലല്ലാതെ മറ്റെന്താണ്?
‘‘ഉപസംവരണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്നതാണ് സുപ്രീം കോടതിയുടെ പരിഗണനാവിഷയം” - സി.എസ്. മുരളി പറയുന്നു.
ഭരണഘടനയുടെ 16 (4) അനുസരിച്ച് മതിയായ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നതാണ് സുപ്രീം കോടതിയുടെയും ഉപസംവരണവാദികളുടെയും മുഖ്യമായ വാദം. 16(4) ലെ വിശദീകരണം ശരിയാണ്. 16(4) അനുസരിച്ച് വ്യവസ്ഥകളുണ്ടാക്കാനാണ് പറയുന്നത്. എന്നാൽ സുപ്രീംകോടതിയുടെ പ്രധാനപ്പെട്ട രണ്ട് ഭര ണഘടനാവിരുദ്ധമായ വ്യാഖ്യാനത്തെക്കുറിച്ച് ഉപസംവരണവാദികൾ നിശ്ശബ്ദരാണ്.
16(4) നടപ്പാക്കുന്നതിന് 341, 342 വകുപ്പുകൾ ഒരു തടസ്സമായികൂടാ (Limiting Factor) എന്നതാണ് കോടതി പരിഗണിക്കുന്നത്. ചെരുപ്പിനനുസരിച്ച് കാലുകൾ മുറിക്കണം. ഉപവിഭാഗങ്ങളായി തിരിക്കുന്ന വിഭാഗക്കാർക്ക് സംസ്ഥാന സർക്കാരിന് സംവരണം നൽകാൻ കഴിയണമെങ്കിൽ Scheduled castes എന്ന നിർവ്വചനവും വിഭാഗവും ഇല്ലാതാകണം. അതുകൊണ്ട് 341 തടസ്സ മായിക്കൂടാ എന്ന് വിശദീകരിച്ചതിനുശേഷം എസ്.സി./എസ്.ടി. വിഭാ ഗങ്ങളെ ഒ.ബി.സി.യുടെ പൊതുമാനദണ്ഡത്തിന്റെ പരിധിയിലേക്ക് ആനയിക്കുന്നു. അയിത്ത ജനത എന്ന നിലയിലല്ല ഈ വിഭാഗം ഇനിമുതൽ. ‘പിന്നാക്കവിഭാഗക്കാർ' എന്ന നിലയിലേക്ക് പ്രമോട്ടു ചെയ്യപ്പെടണം.
ഉപസംവരണവാദിയായ സി.എസ്. മുരളി സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: “ഇപ്പോൾ പട്ടികജാതി - വർഗ്ഗ ഗ്രൂപ്പിൽ ചില ജാതികൾക്ക് | ഗോത്രങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ 16(4) പ്രകാരം ആ ജാതി കളെ / ഗോത്രങ്ങളെ പിന്നോക്കവിഭാഗങ്ങളായി പരിഗണിക്കണം’’. പിന്നാക്ക വിഭാഗം എന്ന പ്രയോഗം പട്ടികജാതി / പട്ടികവർഗ്ഗത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്നത്ര വിശാലമാണ് എന്ന ഹർജിക്കാരുടെ വാദത്തെയും സുപ്രീംകോടതി അംഗീകരിച്ചു.
അതെ, കാര്യങ്ങൾ വ്യക്തമാണ്. സംസ്ഥാനങ്ങൾക്ക് ഉപവർഗ്ഗീകരണം നടത്താൻ എസ്.സി. / എസ്.ടി. വിഭാഗങ്ങളെ ഒ.ബി. സി. എന്ന വിഭാഗത്തിന്റെ പൊതുവായ ‘പിന്നാക്കാവസ്ഥ’ നേരിടുന്നവർ എന്ന നിലയിലേക്ക് പ്രമോഷൻ നൽകുകയാണ്. ‘പൊതുവായ പിന്നാക്കാവസ്ഥ' എന്ന മാനദണ്ഡം. യാതൊരു കാരണവശാലും അയിത്ത ജനവിഭാഗങ്ങളായ എസ്.സി. /എസ്.ടി. ക്കാർക്ക് ബാധകമായിക്കൂടാ എന്ന് ഇന്ദിരാസാഹ്നി കേസിലെ വിധിയിലെ പരാമർശം ഉപസംവരണവാദികൾ കണ്ടില്ലെന്ന് നടിക്കുന്നു. 16(4) ന്റെ പ്രയോഗം എസ്.സി. / എസ്.ടി. ക്കും ഒ.ബി.സി.ക്കും വ്യത്യസ്തമായ നിലയിൽ ബാധകമാക്കാനാണ് ഭരണഘടന അനു വദിക്കുന്നുള്ളൂ. മണ്ഡൽ വിധിക്കുശേഷം സുപ്രീംകോടതി 16(4) നെ പല നിലയിൽ ദുർവ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് ഇ. ഡബ്ല്യു.എസ്. കേസും ഉപസംവരണ വിധിയും.
നിയമനങ്ങളിലും തസ്തികകളിലും പിന്നാക്കം നിൽക്കുന്ന പൗരർക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സർക്കാരിന് ഉത്തമ ബോധ്യമുണ്ടെങ്കിൽ, നിയമനം നടത്താൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണ് ആർട്ടിക്കിൾ 16 (4). ഉപവർഗ്ഗീകരിക്കാത്തതുകൊണ്ടാണ് മതിയായ പ്രാതിനിധ്യമില്ലാത്തതെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. മതിയായ പ്രാതിനിധ്യമില്ലെന്ന് തെളിയിക്കപ്പെട്ടാലും 16(4) ഉപവർഗ്ഗീകരണത്തിനുള്ള വകുപ്പല്ലല്ലോ. 16(4) വകുപ്പ് നടപ്പാക്കുന്നതിന് ആർട്ടിക്കിൾ 341, 342 വകുപ്പുകൾ മുമ്പൊരിക്കലും തടസമായിരുന്നിട്ടില്ല. സർക്കാർ നിയമനങ്ങളിലെ സംവരണ തസ്തിക കളിലെ നാളിതുവരെയുള്ള നിയമനങ്ങളെല്ലാം ഉപവർഗ്ഗീകരണമില്ലാതെ നടന്നിട്ടുണ്ട്.
ഇവിടെ ന്യായമായും ഉപവർഗ്ഗീകരണവാദികളോട് ചോദിക്കാനുള്ളത്, ഉപവർഗ്ഗീകരിച്ചാൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനാകുമോ? ഉപവർഗ്ഗീകരിക്കാത്തതുകൊണ്ട് കഴിഞ്ഞ ദശകങ്ങളിൽ അതിപിന്നാക്കക്കാർക്ക് എത്ര തസ്തിക നഷ്ടമുണ്ടായി? എസ്.സി. / എസ്.ടി. വിഭാഗങ്ങൾക്ക് സംസ്ഥാന നിയമനങ്ങളിൽ 8% വും 2% വുമാണ് സംവരണം. എസ്.സി. വിഭാഗത്തിലെ വേടൻ, നായാടി, ചക്ലിയർ, അരുന്ധതിയാർ, കല്ലാടി തുടങ്ങിയ വിഭാഗങ്ങളെല്ലാം ചേർന്നാൽ എസ്.സി. ജനസംഖ്യയുടെ ഏകദേശം 0.33% മാത്രമാ ണുള്ളത്. 8%- ത്തിൽ മത്സരിക്കാൻ കഴിയുന്ന ഈ വിഭാഗക്കാരെ 0.33%- ത്തിൽ ഒതുക്കുന്നതാണോ 16(4) ന്റെ ഗുണം ലഭിക്കാനുള്ള ഏക മാർഗ്ഗം? ആർട്ടിക്കിൾ 16(4) ഈ വിഭാഗത്തിന് വേണ്ടി എങ്ങിനെ പ്രയോഗവൽക്കരിക്കും?
പട്ടികവർഗ്ഗവിഭാഗത്തിന് 2% സംവരണമാണുള്ളത്. കേരളത്തിൽ 39 ഗോത്രവർഗ്ഗ വിഭാഗക്കാരുണ്ട്. ഇവരിൽ ആരൊക്കെയാണ് അതിപിന്നാക്കക്കാർ? പണിയ, അടിയ, പി.വി.ടി.ജി. തുടങ്ങിയ വിഭാഗങ്ങളെല്ലാം അതിപിന്നാക്കക്കാരായി കണക്കാക്കിയാൽ അവർ ഏകദേശം 0.5% മാത്രമാണ്. പി.എസ്.സി. റോസറിൽ എവിടെയൊക്കെ സ്ഥാനനിർണ്ണയം നടത്തും?
ഉപവർഗ്ഗീകരണ സൈദ്ധാന്തികനായ സി.എസ്. മുരളി പറയുന്നത്, റോസ്റ്റർ പോയിന്റിൽ 44, 92 എന്ന ക്രമത്തിൽ സ്ഥാനിർണ്ണയം നടത്തുക എന്നാണ്. ഏതൊക്കെ ഗോത്രങ്ങളെ ഏതൊക്കെ ടേണിൽ 39 ഗോത്രങ്ങളെയോ, അല്ലെങ്കിൽ ഗോത്രവിഭാഗങ്ങളെ പല ബ്ലോക്കുകളിലാക്കിയാൽ ഏതൊക്കെ ബ്ലോക്കിനെ ഓരോ ടേണിലും കൊണ്ടുവരും? അതി നുള്ള സാധ്യതാലിസ്റ്റ് കേരളത്തിലെ പി.എസ്.സി.ക്ക് ഉണ്ടാകുമോ? ഇതിനെല്ലാറ്റിനും പുറമെ എസ്.സി./എസ്.ടി. കാർക്ക് മത്സരിക്കാനുള്ള സാധ്യതയുള്ളത് കേരളത്തിൽ മാത്രമല്ലല്ലോ. നാട്ടുരാജ്യത്തിലേക്ക് തിരിച്ചുപോകുന്നതിന് മുൻപ് ദേശീയതലത്തിൽ ഒന്ന് കണ്ണോടിക്കൂ. കേന്ദ്ര പൂളിൽ എന്തു ചെയ്യും? എന്താണ് ദേശീയതല മാനദണ്ഡം? ആര് നിയമമുണ്ടാക്കും? കേരളത്തിലെ 99% ഗോത്ര വർഗ്ഗക്കാരും കേന്ദ്രപൂളിൽ പിന്നിലാണല്ലോ. 16(4)- ന്റെ സാധ്യത ഉറപ്പിക്കാൻ അവിടെയും ഉപസംവരണം വേണ്ടേ? ഉപസംവരണ സൈദ്ധാന്തികർ ഇതിനൊക്കെ വിശദീകരണം നൽകിയേ മതിയാകൂ.
“1980- കളിൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളായി മാഡിക, മാഡികയുമായി ബന്ധപ്പെട്ട സമുദായങ്ങളും, അരുന്ധതിയാർ സമുദായങ്ങളും തെരുവുകളിൽ ഉപസംവരണത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളെ മറച്ചുപിടിക്കുകയും അവിടെയുണ്ടായ നിയമനിർമ്മാണങ്ങളിലൂടെ അരുതാത്തതെന്തോ സംഭവിക്കുന്നു എന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു’’.
ഉപസംവരണത്തിന്റെ ദേശീയ പശ്ചാത്തലത്തെക്കുറിച്ചുള്ള ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവിന്റെ വക്താക്കളുടെ നിലപാടിനോടുള്ള സി.എസ്. മുരളിയുടെ നിരീക്ഷണത്തിൽ നിന്നുള്ളതാണ്. ശരിയാണ്, അരുതാത്ത ഒരു സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തെ ആന്ധയിൽ നിന്ന് മാഡിക ജാതിവാദികൾ ഉയർത്തികൊണ്ടുവന്നു എന്നതാണ് ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവുകാരുടെ നിരീക്ഷണം. സി.എസ്. മുരളി പറയുന്നതുപോലെ 1980- കളിൽ അല്ല അത്. 1990- കളിൽ, ആഗോളവൽക്കരണത്തിന്റെ ആരംഭം.
പീപ്പിൾ വാർ ഗ്രൂപ്പുപോലുള്ള ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളുടെ തകർച്ച, ആന്ധ്ര - തെലുങ്കാന വിഭജനത്തിനു മുമ്പുള്ള ആന്ധ്രാപ്രദേശിലെ സാഹചര്യം എന്നീ പൊതു പശ്ചാത്തലത്തിൽ മാഡിക പ്രക്ഷോഭസമിതി ഉയർന്നുവരുന്നത് 1994 ലാണ്. ആന്ധ്രയിലെ 65 ലക്ഷത്തോളമുള്ള മാഡിക - മാല വിഭാഗത്തിൽ 30 ലക്ഷത്തോളം വരുന്ന മാല വിഭാഗങ്ങളാണ് കൂടുതൽ അവസരം കവർന്നെടുക്കുന്നതെന്ന സിദ്ധാന്തമായിരുന്നു മാഡിക പ്രക്ഷോഭത്തിന്റെ ഏക ഊർജ്ജം. മാഡിക കമ്മ്യൂണിറ്റി പിന്നാക്കമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മാഡിക ജാതിവാദ പ്രസ്ഥാനം ഇന്ത്യൻ ഭരണഘടനയിലെ മൗലികമായ അംബേദ്കർ സങ്കൽപ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വളർന്ന ഒരു നവജാതിവാദ പ്രസ്ഥാനമാണ്. അത് വളരെ വേഗം പടർന്നു. മാലകളും സംഘടിതരായി. കാത്തി പത്മറാവുവിന്റെ ദലിത് മഹാസഭപോലും തകർന്നു. പിന്നീട് ആന്ധ്രയിലും തെലുങ്കാനയിലും കർണ്ണാടകയിലും വ്യാപിച്ചുകിടക്കുന്ന 85 ലക്ഷത്തോളം വരുന്ന മാഡിക സമുദായത്തിന്റെ പിന്നിലാണ് ആന്ധ്രയിലെ ദലിത് ബുദ്ധിജീവികളും, സിവിൽ സർവ്വീസുകാരും, രാഷ്ട്രീയക്കാരും അണിനിരന്നത്.
പത്മറാവു
ജാതി തിരിച്ച് സംവരണം നടപ്പാക്കിയാൽ എണ്ണത്തിൽ കൂടുതലുള്ള മാഡിക വിഭാഗത്തിന് കൂടുതൽ അവസരം ലഭിക്കുമെന്ന ജാതി സിദ്ധാന്തമല്ലാതെ മറ്റെന്താണിത്. ആന്ധ്രാപ്രദേശിലെ 15% സംവരണത്തെ എ, ബി, സി, ഡി എന്ന ക്രമത്തിൽ വിഭജിച്ചപ്പോൾ 7% മാഡിക, 6% മാല, 1% അതി പിന്നാക്ക എസ്.എസി.ക്കാർക്കും, 1% കൂടുതൽ പ്രാതി നിധ്യമുള്ളവർക്ക് എന്ന നിലയിൽ ഉപവർഗ്ഗീകരിക്കപ്പെട്ടു. ഇത് ജാതിമേധാവിത്വം സ്ഥാപിക്കാനും, ചെറുന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാനുമുള്ള പുതിയ ജാതിശ്രേണിയല്ലാതെ മറ്റെന്താണ്? ആന്ധ്രാപ്രദേശ് പ്രഭവകേന്ദ്രമായ ഈ ജാതിവാദസിദ്ധാന്തത്തിന്റെ തുടർച്ചയാണ് പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ മേഖലകളിൽ തുടർന്നുണ്ടായത്. അവിടെ വാത്മീകികളെ മുൻനിർത്തുന്നു എന്നുമാത്രം. രാമചന്ദ്ര രാജു കമ്മീഷനും ഉഷമേ കമ്മീഷനും എല്ലാം അവിടെ നിൽക്കട്ടെ. ആന്ധ്രയിൽ നിന്നും പൊട്ടിപുറപ്പെട്ട ഉപസംവരണ വാദത്തിന്റെ പൊതുലക്ഷ്യം ഭരണഘടന തകർക്കലാണ്, എസ്.സി. / എസ്. ടി. ലിസ്റ്റ് വിഭജനമാണ്, ഇന്ത്യയെ ജാതിയിലേക്ക് കൊണ്ടുപോവുക എന്നതാണ്. കോൺഗ്രസും മറ്റ് നിരവധി ദേശീയ പാർട്ടികളും ഈ ജാതിവാദം വളർത്തുന്നതിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.
ഇപ്പോൾ ഈ സോഷ്യൽ എഞ്ചിനീയറിംഗ് ബി.ജെ.പി.യുടെ കളത്തിലാണ്. മാഡിക ജാതിവാദം ഇ.വി. ചിന്നയ്യ Vs ആന്ധ്രാപ്രദേശ് കേസിലെ വിധിയോടെ അടഞ്ഞ അധ്യായമായിരുന്നു. ആ വിധി മറികടക്കാൻ സംഘപരിവാർ നടത്തിയ വലിയ ഒരട്ടിമറിയാണ് 2024 ആഗസ്റ്റ് 1 ന് പുറത്തുവന്ന 7 അംഗ ബെഞ്ചിന്റെ വിധി. സംഘപരിവാർ ചട്ടുകമായി തീർന്നു ഈ വിധി. ജാതിവാദത്തിന്റെയും, ജാതിയുദ്ധത്തിന്റെയും ഉപകരണമായി ഈ വിധി ഇന്ത്യൻ രാഷ്ട്രീയത്തിൽ വിളയാടികൊണ്ടിരിക്കുന്നു. സി.എസ്. മുരളിയെപോലുള്ള ചിലർ അതിന്റെ ഉപകരണങ്ങൾ മാത്രം. അതിപിന്നാക്കക്കാരെ മുൻനിർത്തുന്നത് ജാതിവാദ സിദ്ധാന്തത്തെ മറച്ചുവെക്കാൻ മാത്രം.
ഡോ. ബാബു വിജനാഥ് കമീഷനും കേരളത്തിന്റെ ഉപസംവരണവാദികളും
ഏതാണ്ട് അര നൂറ്റാണ്ട് പഴക്കമുള്ള ഡോ. ബാബു വിജയനാഥ് കമീഷൻ റിപ്പോർട്ടിന് 2024- ൽ എന്തെങ്കിലും കാലിക പ്രസക്തിയുണ്ടോ?
“1982- ൽ നാലു വാല്യങ്ങളിലായി അനുഭവപരവും ശാസ്ത്രീയവുമായ ഡാറ്റകൾ ഉള്ള ഒരു റിപ്പോർട്ട് അദ്ദേഹം സമർപ്പി ച്ചതും ഉപസംവരണവാദത്തെ എതിർക്കുന്നവർ ബോധപൂർവ്വം മറന്നുകളയുന്ന തായി’’ സി.എസ്. മുരളി ആരോപിക്കുന്നു.
ഡോ. ബാബു വിജയനാഥ് കമീഷൻ റിപ്പോർട്ടിനെ ആരും മറക്കുന്നില്ല. പ്രസ്തുത കമീഷൻ ഉപസംവരണം നിർദ്ദേശിച്ചു എന്നതും നിഷേധിക്കുന്നില്ല. എന്നാൽ അതിന് ഇന്ന് യാതൊരുവിധ പ്രസക്തിയുമില്ല. GO (MS) No. 80/78/DD dt 30-05-1978 എന്ന സർക്കാർ ഉത്തരവനുസരിച്ചാണ് ഡോ. ബാബുവിജയനാഥ് ചെയർമാനായി കമീഷൻ രൂപീകരിക്കപ്പെടുന്നത്. സി.എസ്. മുരളി പറയുന്നതുപോലെ 4 വാല്യങ്ങളില്ല. 3 വാല്യങ്ങളിലായാണ് റിപ്പോർട്ടുള്ളത്. 1-ാം വാല്യം മുഖ്യ റിപ്പോർട്ട്; 2-ാം വാല്യം സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ എസ്.സി. / എസ്.ടി. പ്രാതിനിധ്യ കണക്കുകളും ചോദ്യാവലികളും; 3-ാം വാല്യം സാമൂഹിക - സാമ്പത്തിക സർവ്വകളുടെ പട്ടികകൾ എന്നിങ്ങനെയാണ് 3 വാല്യങ്ങൾ.
കമീഷൻ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ 18 ടേംസ് ഓഫ് റഫറൻസുകളിൽ ഉപസംവരണം പരിശോധിക്കണ മെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും കമീഷന്റെ റെക്കമെന്റേഷനിൽ ഉപസംവരണം നിർദ്ദേശിച്ചു. എന്നാൽ GO (MS) No. 2083/HWD/ df 01-08-1983 ഉത്തരവനുസരിച്ച് കമീഷന്റെ ഏറെക്കുറെ എല്ലാ നിർദ്ദേശങ്ങളും സർക്കാർ അംഗീകരിച്ചു; നടപടികൾ നിർദ്ദേശിച്ചു.
സർക്കാർ സർവ്വീസിലും പൊതുമേഖലാ സർവ്വീസിലും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ കമീഷൻ റെക്കമെന്റേഷന്റെ XI-ാം ഭാഗം പരിഗണിച്ചുകൊണ്ട് സ്പെഷ്യൽ റിക്രൂട്ട്മെന്റ് അംഗീകരിച്ചു; പ്രമോ ഷനിൽ സംവരണമെന്നത് ഭാഗികമായി മാത്രം അംഗീകരിച്ചു. എന്നാൽ ജാതിതിരിച്ചുള്ള പ്രാതിനിധ്യം എന്ന കമ്മീഷൻ റെക്കമെ ന്റേഷൻ സർക്കാർ തള്ളിക്കളയുകയായിരുന്നു.
കമീഷന്റെ XI-ാം റെക്കമെന്റേഷനിലെ 6, 7 ഇനത്തിന്റെ തീരുമാനം ഇങ്ങനെയായിരുന്നു: "At present the overall percentage of 10 is devided as 8% and 2% between SC and ST respectively. With the availeble data it will be difficult to prescribe definite per- centage for subgroups among SC & ST. Even the grouping sug- gested by the Commission does not seen to be logical and will be difficult for implementation. Hence the recommendation is not accepted". ഡോ. ബാബു വിജയനാഥ് കമ്മീഷൻ റിപ്പോർട്ടിലെ ഉപ സംവരണ നിർദ്ദേശത്തിന്റെ അന്ത്യം മേൽപറഞ്ഞതാണ്.
ഡോ. ബാബുവിജയനാഥ് കമീഷൻ എന്തുകൊണ്ട് യുക്തിക്ക് നിരക്കാത്തതായി?
പട്ടികജാതി ജനസംഖ്യയുടെ 54.16% വരുന്ന 20 ജാതിവിഭാഗങ്ങൾക്ക് 4% സംവരണം, പട്ടികജാതി ജനസംഖ്യയിൽ 45.84% വരുന്ന 48 ജാതികൾക്ക് 6% സംവരണം എന്നതായിരുന്നു കമീഷൻ നിർദ്ദേശം. രണ്ടാമത്തെ ലിസ്റ്റിൽ പേര് പറഞ്ഞിരുന്ന 14 ജാതികൾ കേരളത്തിൽ നിലവിലില്ല എന്ന് കമീഷൻ തന്നെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. 48 ജാതികളുടെ ലിസ്റ്റിലാണ് ഉപസംവരണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഏകസമുദായമായ സിദ്ധനർ ഉൾപ്പെട്ടിരുന്നത്. മേൽ സമുദായത്തിന്റെ ജനസംഖ്യ എസ്.സി. ജനസംഖ്യയുടെ 1.5% മാത്രമേ വരികയുള്ളൂ. അതുപോലെ എസ്.ടി. ജനസംഖ്യയുടെ 31.57% വരുന്ന 16 വിഭാഗങ്ങൾക്ക് 0.5% വും എസ്.ടി. ജനസംഖ്യയുടെ 68.43% വരുന്ന എസ്.ടി. വിഭാഗങ്ങൾക്ക് 1.5% വും കമീഷൻ നിർദ്ദേശിച്ചു. (ഇതിൽ 3 വിഭാഗങ്ങൾ കേരളത്തിലില്ല എന്ന് കമീഷൻ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്). ജനസംഖ്യാ പ്രാതിനിധ്യം പരിഗണിക്കാത്ത കമീഷൻ, സർക്കാർ - പൊതുമേഖലാ സർവ്വീസിലെ പ്രാതിനിധ്യമനുസരിച്ച് എന്തെങ്കിലും വർഗ്ഗീകരണം നടത്തിയിട്ടുമില്ല. ഇന്ന് അതി പിന്നാക്കമായി കണക്കാക്കപ്പെടുന്നവർ കൂടുതൽ പ്രാതിനിധ്യമുള്ളവരായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും കൃത്യമായി തരംതിരിക്കപ്പെടാതെ മേൽപറഞ്ഞ ഉപവർഗ്ഗീകരണ ലിസ്റ്റിൽ ഇടംപിടിച്ചതായും കാണുന്നു. വിവരശേഖരണത്തിനുള്ള മാനദണ്ഡങ്ങൾ കമീഷൻ എവിടെയും ചർച്ച ചെയ്തതായി കാണുന്നില്ല.
മാഡിക റിസർവേഷൻ പോരാട്ട സമിതിയുടെ യോഗം
1970 കളിലെ എസ്.സി. / എസ്.ടി. വിഭാഗങ്ങളുടെ പൊതു പിന്നാക്കാവസ്ഥയും കമീഷന്റെ ഭരണഘടനാവിരുദ്ധ നിലപാടും
ഉപവർഗ്ഗീകരണം നടക്കാത്തതാണ് പ്രാതിനിധ്യക്കുറവിന് കാരണം എന്ന് കമീഷൻ എവിടെയും ചർച്ച ചെയ്യുന്നില്ല. മറിച്ച് സ്വാതന്ത്ര്യം കിട്ടി രണ്ടര ദശകം കഴിഞ്ഞിട്ടും എല്ലാ വിഭാഗവും അതിപിന്നാക്കമാണെന്ന് കമീഷൻ അടിവരയിട്ടു പറയുന്നു. കമീഷൻ കണ്ടെത്തിയ വിദ്യാഭ്യാസ ഡാറ്റ തന്നെ ഇതിന് മതിയായ തെളിവാണ്. വിദ്യാസമ്പന്നരുടെ യോഗ്യത അനുസരിച്ചുള്ള ഒരു ഡാറ്റ കമീഷൻ ശേഖരിച്ചിട്ടില്ല. മെട്രിക്കുലേഷനും അതിന് മുകളിലുള്ളവരും എന്നാണ് പ്രധാന കണ്ടെത്തലിൽ പറഞ്ഞിരിക്കുന്നത്. 1971- ലെ സെൻസസ് അനുസരിച്ച് എസ്.സി. വിഭാഗങ്ങളിൽ 41.27% വും എസ്.ടി വിഭാഗത്തിൽ 20.07% മാത്രമായിരുന്നു സാക്ഷരത നേടിയ വരായി കണ്ടെത്തിയത് എന്ന് ഓർക്കേണ്ടതാണ്. 10-ാം ക്ലാസും അതിനു മുകളിൽ യോഗ്യതയുള്ളവരുടെ ശതമാനകണക്ക് കമീഷൻ ഇങ്ങിനെ ഒരു പട്ടികയിലാക്കിയിട്ടുണ്ട്.
സാബൻ (25%), പുതിരൈ വണ്ണാൻ (11.88%), പരവർ (8.14%), ഭരതർ (7.96%), പെരുമണ്ണ (7.78%), അജില (7.69%), പതിയർ (7.64%), വേലൻ (7.27%), വണ്ണാൻ (6.75%), സമഹാര (6.48%), മണ്ണാൻ (5.58%), മുണ്ടാല (5.44%), കാക്കാലൻ (5.14%), അയ്യനവർ (4.85%), പടന്നർ (4.18%), പറയർ (3.64%), പാണൻ (3.54%), അരുന്ധതിയാർ (3.47%), തണ്ടാൻ (3.46%), പുലയൻ (3.07%), മലയൻ (2.85%), തോട്ടി (1.98%), പുലയ വേട്ടുവൻ (1.89%), കുറവർ (1.81%), നായാടി (1.64%) എന്നിങ്ങ നെയാണ് കമ്മീഷൻ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് സമുദായങ്ങൾ വിദ്യാഭ്യാസ യോഗ്യതയിൽ ഇതിൽ താഴെയാണെന്ന് ചുരുക്കം. സ്വാതന്ത്ര്യാനന്തര കേര ള ത്തിലെ രണ്ട് ദശ ക ങ്ങ ളിലെ വിദ്യാഭ്യാസത്തിന് ശേഷം ഇത്രമാത്രമേ പുരോഗമിച്ചിട്ടുണ്ടായിരുന്നുള്ളൂ.
പട്ടികവർഗ്ഗത്തിൽ മല അരയർ, കാണിക്കാർ തുടങ്ങിയ ഗോത ങ്ങളൊഴികെ മറ്റെല്ലാ ഗോത്രവർഗ്ഗക്കാർക്കും പ്രാഥമിക സാക്ഷരത പോലും കൈവരിച്ചിരുന്നില്ല. മേൽപറഞ്ഞ വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്ത് ഉപവർഗ്ഗീകരണമില്ലാത്തതാണ് പ്രാതിനിധ്യക്കുറവിന് കാരണം എന്ന് എങ്ങനെയാണ് നിഗമനത്തിൽ എത്തിച്ചേരാൻ കഴിയുക? മാത്രവുമല്ല. 1971- ലെ സെൻസസ് കാലഘട്ടത്തിൽ സർക്കാർ പൊതുമേഖലാ സർവ്വീസുകളിൽ പ്രാതിനിധ്യമുണ്ടായിരുന്നവരിൽ ബഹുഭൂരിപക്ഷവും താഴ്ന്ന തരം ജോലികളിലാണ് ഉണ്ടാ യിരുന്നത്. ഉപവർഗ്ഗീകരണം എന്ന നിർദ്ദേശം യുക്തിസഹമല്ല എന്ന് നിരീക്ഷിക്കുകയും സർക്കാർ തള്ളിക്കളയുകയും ചെയ്യുന്നത് പ്രധാ നമായും മേൽ വിശദീകരിച്ച കാരണങ്ങൾ കൊണ്ടാണ്.
70-കളിലെ മുന്നണി രാഷ്ട്രീയവും
ഉപസംവരണവാദവും
കേരളത്തിലെ 99% എസ്.സി./എസ്.ടി. വിഭാഗക്കാരും ഉപസംവരണം ആവശ്യപ്പെട്ടവരല്ല. ഡോ. ബാബുവിജയനാഥ് കമ്മീഷന്റെ മുന്നിലും ഇതൊരു ആവശ്യമായി ആരും ഉന്നയിച്ചിട്ടില്ല. എന്നാൽ 70-കളിലേക്ക് കടക്കുന്ന കേരളം എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ സാമുദായിക രാഷ്ട്രീയ ജീവിതത്തിൽ മുന്നണി രാഷ്ട്രീയ ശക്തികൾ ശക്തമായി ഇടപെട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു. ദലിതരിലെ മുഖ്യസമുദായങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൊടിക്കീഴിൽ അണിനിരക്കുകയും, ചില പ്രബല സമുദായ സംഘടനകളുടെ നിയന്ത്രണം തന്നെ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലാകുകയും ചെയ്തതിനാൽ ഒരു സോഷ്യൽ എഞ്ചിനിയറിംഗ് തന്ത്രം മുന്നണി രാഷ്ട്രീയത്തിലെ പ്രബലരായ കോൺഗ്രസുകാർ കേരളത്തിൽ പ്രയോഗിച്ചു എന്നത് ഒരു ചരിത്രവസ്തുതയാണ്. ചില ചെറു സമുദായങ്ങൾക്ക് ഭരണരാഷ്ട്രീയത്തിൽ പ്രാതിനിധ്യം നൽകുന്നതും ഈ പശ്ചാത്തലത്തിലാണ്.
1976 ലെ ലിസ്റ്റ് വിപുലീകരണം ദേശീയതലത്തിൽ നടക്കുന്നതിന് മുൻപും അടിയന്തരാവസ്ഥ കാലഘട്ടത്തിലും കെ. കരുണാകരനുണ്ടായിരുന്ന അപ്രമാദിത്വവും, നിരവധി ചെറുസമുദായങ്ങളെ വിഭജിക്കുന്നതിലേക്കും, എസ്.ടി. വിഭാഗങ്ങളെ എസ്.സി.യിലേക്കും മറ്റും മാറ്റി നിയമസഭാമണ്ഡലങ്ങളിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യം കേരളത്തിലുണ്ടായിട്ടുണ്ട്. സിദ്ധനരുടെ ആവശ്യത്തിന് ലഭിച്ച പ്രോത്സാഹനവും ഈ സാഹചര്യത്തിൽ മാത്രമെ നോക്കിക്കാണാനാകൂ. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മാവില, കരിമ്പാല, മല വേട്ടുവ, പുലയൻ തുടങ്ങിയ വിഭാഗങ്ങളെ എസ്.ടി. പദവിയിൽ നിന്ന് എസ്.സി.യിലേക്ക് മാറ്റുന്നതും സംവരണ മണ്ഡലങ്ങളെ മുൻനിർത്തി മാത്രമാണ്. പദവി മാറ്റത്തിന് മേൽപറഞ്ഞ വിഭാഗങ്ങൾ രണ്ടര ദശകത്തോളം പ്രക്ഷോഭം നടത്തേണ്ടിവന്നു. പിൽക്കാലത്ത് (2004 ൽ) മറാഠ വിഭാഗം എസ്.ടി. വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണെന്ന് പാർലമെന്റ് നിയമം പാസ്സാക്കിയപ്പോൾ അവരെ നിലനിർത്താൻ മുൻകൈ എടുത്തതും ഇടത് - ബി.ജെ.പി. പാർട്ടിക്കാരാണ്. കൃത്രിമ വിഭജനത്തിന് ഇരയായ ഉള്ളാടരും മറ്റും രക്ഷപ്പെട്ടെങ്കിലും ഖദർ ഇട്ട് നടന്ന നേതാക്കളുണ്ടായിട്ടും വേടർ കമ്മ്യൂണിറ്റി പട്ടികജാതിയും, മലവേടർ പട്ടികവർഗ്ഗവും ആയി തുടർന്നു. കിർത്താഡ്സ് നിലവിൽ വന്നശേഷം നടന്ന പഠനങ്ങളിൽ സിദ്ധനർ വിഭാഗങ്ങൾക്ക് പട്ടികവർഗ്ഗ വിഭാഗങ്ങളുടെ നരവംശസ്വഭാവങ്ങളാണ് ഉള്ളതെന്ന നിരീക്ഷണങ്ങളുണ്ടായിട്ടും, ശാസ്ത്രീയപഠനങ്ങളുടെ അളവുകോലുപയോഗിച്ച് സിദ്ധനർ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ സമുദായനേതൃത്വങ്ങളും രാഷ്ട്രീ പാർട്ടികളും തയ്യാറായില്ല. നേതൃത്വത്തിൽ ചിലർ ഒരു പാരമ്പര്യവിശ്വാസം പോലെ ഡോ. ബാബു വിജയനാഥ് കമ്മീഷൻ റിപ്പോർട്ടിന്റെ ഓർമ്മകളിൽ ജീവിക്കുകയാണ്.
മഹാത്മ അയ്യങ്കാളി
മഹാത്മ അയ്യങ്കാളി - അംബേദ്കർ ചിന്തകൾ ഇന്ന് പ്രബലമാണ്.
മഹാത്മാ അയ്യങ്കാളിയുടെയും അംബേദ്കറൈറ്റ് ചിന്തകളുടെയും സ്വാധീനമുള്ള പുതിയ നേതൃത്വം എല്ലാ സമുദായപ്രസ്ഥാനങ്ങളിലും 1980 കൾക്കുശേഷം പ്രബലമാണ്. 90 കളോടുകൂടി ഗോത്ര വർഗ്ഗ വിഭാഗങ്ങളും ആദിവാസികൾ എന്ന ഐഡൻന്റിറ്റിയെ ഉയർത്തിപ്പിടിച്ച് മുന്നേറ്റം കേരളത്തിൽ ഏറെ പ്രബലമാണ്.
കെ.എച്ച്.എസ്.എഫ്, ഐ.എൽ.പി., ബി.എസ്.പി., കെ.ഡി.പി., ഗോത മഹാസഭ തുടങ്ങിയ നിരവധി പടവുകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി അവർ മുന്നേറിയത്. ദേശീയതലത്തിൽ ഭര ണഘടന മൂല്യങ്ങളിലും, ദലിത് ആദിവാസി ഐക്യത്തിലുമാണ് അവർ അടിയുറച്ച് നിൽക്കുന്നത്. നിരവധി മുന്നേറ്റങ്ങൾക്ക് ഇത് ഊർജ്ജമായി ഇന്നും നിലനിൽക്കുന്നു. പണിയനും, അടിയനും, കാട്ടുനായ്ക്കനുമായി ചിതറിയ ഗോത്രവർഗ്ഗജനതയാണ് ഒരു ദേശീയത എന്ന നിലയിൽ കേരളത്തിൽ ഗോത്ര സ്വയംഭരണവും പെസ നിയമവും, ഭൂമിയുടെ രാഷ്ട്രീയവും പ്രശ്നവൽക്കരിക്കുന്നത്.
ഉപ ജാതി - ഗോത്രത്തിനതീതമായ ജനാധിപത്യചിന്തയാണ് ഇതിന്റെ പ്രേരകശക്തി. പുതിയ തലമുറക്കും അത് വഴികാട്ടിയാകുന്നു. സിദ്ധനർ സമൂഹത്തിനുള്ളിലും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണുണ്ടായത്. ചെങ്ങറ സമരത്തിന് ശക്തി സ്രോതസ്സായിരുന്നത് തദ്ദേശീയ ജനത കളുടെ ഐക്യം എന്ന മുദ്രാവാക്യമാണ്. ഈ വിമോചന സമരങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്ന് അവഗണിക്കാൻ കഴിയാത്ത ശക്തിയാണ്. ദലിത് - ആദിവാസി ജനതയെ ശിഥിലീകരിക്കുന്ന ഉപജാതി സംവരണമെന്ന ആശയത്തെയും പ്രതിരോധിക്കുന്നവർ അവരാണ്. അതുകൊണ്ട് 'ജാതി' തിരിച്ചുള്ള വിഹിതം വേണ മെന്ന് 1990-കളിൽ മാഡിക വിഭാഗം ആന്ധ്രയിൽ നിന്നും ഉയർത്തിക്കൊണ്ടുവന്ന ജാതിവാദത്തെ ദലിത് ആദിവാസി ജനത ശക്തമായി പ്രതിരോധിക്കും. മാഡിക ജാതിവാദത്തിന് ഭരണഘടനാ മൊറാലിറ്റിയില്ല. അത് വംശീയവും ജാതിമേധാവിത്തത്തിനുമുള്ളതാണ്. രാഷ്ട്രീ യപാർട്ടികളുടെ പൊളിറ്റിക്കൽ ഗെയിമിനായി ദലിതരെ ചട്ടുകങ്ങളാക്കാനുള്ളതാണ്. ഇടത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ തകർച്ചയിൽ നിന്നുള്ള മോഹഭംഗം കൊണ്ടുണ്ടായതാണ്. എണ്ണത്തിൽ കുറവുള്ള ജാതികളെ ഉന്മൂലനം ചെയ്യാനുള്ളതാണ്. അതുകൊണ്ടാണ് ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവ് ഉപജാതി സംവരണത്തിനെതിരെ, മുഖ്യജനാധിപത്യ പ്രശ്നം എന്ന നിലയിൽ അതിപിന്നാക്കം നിൽക്കുന്ന ദലിത് ആദിവാസികളുടെ പ്രത്യേക പ്രതിനിധാനത്തിന് നിയമനിർമ്മാണം ആവശ്യമാണെന്നും സമഗ്രമായ ഒരു സംവരണ നിയമം ആവശ്യമാണെന്നുമുള്ള മുദ്രാവാക്യം ഉയർത്തുന്നത്.
ഇന്നിപ്പോൾ കേരളത്തിലും ഇന്ത്യയിലും എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ മെട്രിക്കുലേഷൻ പാസായവർ മാത്രമല്ല ആയിരക്കണക്കിന്