വിവിധ ആവശ്യങ്ങളുമായി ഡൽഹിയിലേക്ക് നടത്താനിരിക്കുന്ന ദില്ലി ചലോ മാർച്ചിനെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിൻെറയും പോലീസിൻെറയും ശ്രമങ്ങളെ പരാജയപ്പെടുത്താനുറച്ച് രാജ്യത്തെ കർഷക സംഘടനകളുടെ സംയുക്ത സമരസമിതി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഡൽഹി പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകർ സത്യാഗ്രഹം ഇരിക്കുകയാണ്. ഇവരുടെ നേതൃത്വത്തിലാണ് ഡൽഹിയിലേക്ക് മാർച്ച് നടത്താൻ ലക്ഷ്യമിട്ടിരുന്നത്. സമരത്തെ അടിച്ചമർത്താനാണ് ഹരിയാനയിലെ ബി.ജെ.പി സർക്കാരും കേന്ദ്ര സർക്കാരിൻെറ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസും ശ്രമിക്കുന്നത്. ഡിസംബർ ആറിന് ശംഭു അതിർത്തിയിൽ നടന്ന പോലീസ് അതിക്രമത്തിൽ 15 കർഷകർക്ക് പരിക്കേറ്റിരുന്നു. കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. പോലീസിൻെറ നടപടികളെ തുടർന്ന് സംഘടനകൾ താൽക്കാലികമായി ദില്ലി ചലോ മാർച്ച് നിർത്തിവെച്ചിരിക്കുകയാണ്.
കർഷകർക്കെതിരായ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഓൾ ഇന്ത്യാ കിസാൻ സഭയും സംയുക്ത കിസാൻ മോർച്ചയും അടക്കമുള്ള സംഘടനകൾ. എ.ഐ.കെ.എസ്, സി.ഐ.ടി.യു, എ.ഐ.ഡി.ഡബ്ല്യൂ.എ സംഘടനകൾ എ.ഐ.കെ.എസ് വൈസ് പ്രസിഡൻറും എം.പിയുമായ അംറാറാമിൻെറ നേതൃത്വത്തിൽ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റ് മനീഷ് കുമാർ വർമയെ സന്ദർശിച്ചിരുന്നു. കർഷകർക്കെതിരായ പോലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. കർഷകരുടെ സമാധാനപരമായ മാർച്ചിനെ പോലീസ് ഒരുതരത്തിലും അടിച്ചമർത്തില്ലെന്നും വീട്ടിൽ അതിക്രമിച്ച് കയറി കർഷകരെ അറസ്റ്റ് ചെയ്യുന്ന രീതി ഇനി ഉണ്ടാവില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് ഉറപ്പ് നൽകിയതായി ഓൾ ഇന്ത്യാ കിസാൻ സഭാ ദേശീയ പ്രസിഡൻറ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.